Wednesday, 7 March 2012

ഭണ്ഡാരം



ഈശ്വരനിഷ്ഠകള്‍ അറിയാത്ത കൊച്ചുമകനെ വിശ്വാസിയാക്കാന്‍ അമ്മൂമ്മ അവനെ അമ്പലത്തില്‍ കൊണ്ടു പോയി.
എന്നിട്ട് പറഞ്ഞു "മോനെ, നല്ല ശക്തിയുള്ള ദേവിയാ. നന്നായ് പ്രാര്‍ത്ഥിച്ചോ.എല്ലാം നടത്തി തരും."

അവന്‍ പ്രാര്‍ത്ഥിച്ചു.

പിന്നെ അവന് പൈസ കൊടുത്തിട്ട് അമ്മൂമ്മ കാണിക്കയിടാന്‍ പറഞ്ഞു.

ഭണ്ഡാരം എന്നെഴുതിയ പെട്ടി അവനില്‍ കൌതുകമുണര്‍ത്തി.

തിരിച്ച് നടന്നു പോവുന്ന വഴിയിലുള്ള പള്ളികളിലും അവന്‍ "ഭണ്ഡാരം" കണ്ടു.

'പ്രാര്‍ത്ഥനയും, കത്തിച്ച തിരിയും, ഭണ്ഡാരവും'.അവന്‍ പറഞ്ഞു "കൊള്ളാം, എനിക്കിഷ്ടപെട്ടു".

പിന്നീടൊരിക്കല്‍ അവന്‍ അച്ഛന്‍റെ കൂടെ സര്‍ക്കാര്‍ ഓഫീസില്‍ ചെന്നു.
അവിടെ നിന്ന പ്യൂണ്‍ പറഞ്ഞു "കാര്യം നടക്കണമെങ്കില്‍ അഞ്ചോ പത്തോ കൊടുക്കണം.എങ്കിലേ സാര്‍ ഫയല്‍ എടുക്കൂ."

ഇതെല്ലാം കേട്ട മകന്‍ ചോദിച്ചു

"ഭണ്ഡാരം, ഇവിടെയുമുണ്ടോ?!!"

ചുവപ്പോ കറുപ്പോ ???


മോഹങ്ങളൊഴിഞ്ഞ വീഥിയില്‍
സ്വപ്‌നങ്ങള്‍ കടിഞ്ഞൂലറ്റ യാമത്തില്‍
ഞാനുമൊരു കോമാളി കണക്കെ ചിരിച്ചു
അട്ടഹാസമെന്‍ ജീവിതത്തിനു നേരെ.

ചിതലരിച്ച ഓര്‍മകളില്‍ പരതുമ്പോള്‍
കയ്യില്‍ കടിച്ച ചിതലിന്‍റെ ചോദ്യം
"ഈ കറുത്ത ഓര്‍മ മാത്ര-
മെന്തേ ഞങ്ങള്‍ക്ക് ദഹിക്കുന്നില്ല".

ചോദ്യങ്ങള്‍ മാത്രം
ചോദ്യചിഹ്നങള്‍ മാത്രം
അനുരാഗ വര്‍ണമെന്തെന്നവള്‍ ചോദിച്ചു
ചുവപ്പോ കറുപ്പോ??
അറിയില്ലിന്നെനിക്കുമവള്‍ക്കും.

എന്നാലിന്നെനിക്കറിയാം ചിതലരിക്കാത്ത,
കറുത്ത ഓര്‍മയിലെ ചുവന്ന ഹൃദയ-
മെന്നനുരാഗത്തെ പാതി കറുപ്പിലും
പാതി ചുവപ്പിലും മുക്കിയെടുത്തു.

ഇഷ്ടമല്ലെന്നവള്‍ പറഞ്ഞപ്പോ-
ളെന്‍ മനം കറുത്തു
ഇഷ്ടമാണെന്നവള്‍ പറഞ്ഞപ്പോ-
ളെന്‍ മനം ചുവന്നു.

അവസാനം, ചുവന്ന അഗ്നിയില്‍
അവള്‍ ലയിച്ചപ്പോള്‍
ഞാനും അവളും കറുത്തു
അപ്പോഴും ഹൃദയങ്ങള്‍ ചുവന്നിരുന്നു....


പുച്ഛം



ആരോ വലിച്ചെറിഞ്ഞൊരു തുണ്ടു
കടലാസിനും പുച്ഛം
ചവറ്റുകുട്ടയിലെ തല തിരിഞ്ഞ
നികൃഷ്ഠ ജീവിക്കും പുച്ഛം.


കൂട്ടിലടച്ച കിളിക്കും കുരങ്ങിനും
കഴുതക്കും വരെ പുച്ഛം
രോഗമെന്നോതി വരുന്ന  അണു-
ക്കള്‍ക്കും, കാലനും പുച്ഛം.

ഇരുകാലുള്ള എന്നോട്
ഞൊണ്ടിക്കാലന് പുച്ഛം
ഇരുകയ്യുള്ള എന്നോട്
ഒറ്റകയ്യനു പുച്ഛം.

ഭക്ഷിക്കുന്ന എന്നോട്
വിശപ്പിനു പുച്ഛം
ധൂര്‍ത്ത്ടിക്കുന്ന എന്നോട്
പിച്ചക്കാരന് പുച്ഛം.

അളവില്ലാ ഭാരമുണ്ടിന്നെന്‍
നേര്‍ക്കുള്ള പുച്ഛത്തിന്
പുച്ഛമാണീ ലോകത്തിന്നും
എനിക്കുമെന്നോട് തന്നെ.

ആഘോഷം



ആഘോഷങ്ങള്‍ നിരനിരയായ്
ആര്‍മാദിക്കണമിന്നെനിക്കും
പട്ടിന്‍ വസ്ത്രമണിഞ്ഞ്
ചന്തമുള്ള ചുട്ടി കുത്തി
പൊന്നില്‍ പൊതിഞ്ഞിറങ്ങി.

ദേഹത്തിഴയുന്നൂ  പുഴുക്കള്‍
പട്ടുനൂല്‍ പുഴുവോയിത്???
പട്ടെനിക്കു വേണ്ടേ വേണ്ട
ഒരു തുകലിന്‍ വസ്ത്രമണിഞ്ഞൂ ഞാന്‍.

മുഖം പൊള്ളുന്നൂ ചുട്ടിയില്‍
ചുണ്ണാമ്പിന്‍ സത്തോയിത്???
ചുട്ടിയെനിക്ക് വേണ്ടേ വേണ്ട
മുഖം തുടച്ചു മിനുക്കി ഞാന്‍.

കൈകാലുകളില്‍ ഇഴയുന്നൂ  സര്‍പ്പങ്ങള്‍
നാഗക്കാവോയിത്???
പൊന്നെനിക്ക് വേണ്ടേ വേണ്ട
എല്ലാം കുടഞ്ഞെറിഞ്ഞു ഞാന്‍.

പട്ടും ചുട്ടിയും പൊന്നുമില്ലാ-
താഘോഷിക്കാനിറങ്ങിയ എന്നെ
ഭ്രാന്തനെന്നു വിളിച്ച്, സമൂഹം
ആര്‍മാദിച്ചു ആഘോഷിച്ചു.

Tuesday, 6 March 2012

സ്പര്‍ശം

 അരുത് , അവളെ സ്പര്‍ശിക്കരുത്
അവളൊരു കണ്ണീര്‍ പുത്രി
അവളുടെ നീര്‍ച്ചാലുകള്‍ നിന്‍റെ
കൈകളെ അഗ്നിക്കിരയാക്കും....


അരുത്, അവനെ സ്പര്‍ശിക്കരുത്
അവനൊരു കുഷ്ഠരോഗി
അവന്‍റെ രോഗം നിന്‍റെ
കൈകളെ  കവര്‍ന്നെടുക്കും...


അരുത്, അയാളെ സ്പര്‍ശിക്കരുത്
അയാളൊരു വയോവൃദ്ധന്‍
അയാളുടെ കൂന് നിന്‍റെ
കൈകളെ ഊന്നു വടിയാക്കും...


അരുത്,അവരെ സ്പര്‍ശിക്കരുത്
അവരാണീ സമൂഹം
അവരുടെ വാക്കുകള്‍ നിന്‍റെ
കൈകളെ വിലങ്ങണിയിക്കും...


നിനക്ക് സ്പര്‍ശിക്കാന്‍ ഒന്നുണ്ടവിടെ
സ്പര്‍ശനം എന്തെന്നറിയാന്‍
കഴിയാത്തൊരു  വെണ്‍ശില ...