മോഹങ്ങളൊഴിഞ്ഞ വീഥിയില്‍
സ്വപ്‌നങ്ങള്‍ കടിഞ്ഞൂലറ്റ യാമത്തില്‍
ഞാനുമൊരു കോമാളി കണക്കെ ചിരിച്ചു
അട്ടഹാസമെന്‍ ജീവിതത്തിനു നേരെ.
ചിതലരിച്ച ഓര്‍മകളില്‍ പരതുമ്പോള്‍
കയ്യില്‍ കടിച്ച ചിതലിന്‍റെ ചോദ്യം
"ഈ കറുത്ത ഓര്‍മ മാത്ര-
മെന്തേ ഞങ്ങള്‍ക്ക് ദഹിക്കുന്നില്ല".
ചോദ്യങ്ങള്‍ മാത്രം
ചോദ്യചിഹ്നങള്‍ മാത്രം
അനുരാഗ വര്‍ണമെന്തെന്നവള്‍ ചോദിച്ചു
ചുവപ്പോ കറുപ്പോ??
അറിയില്ലിന്നെനിക്കുമവള്‍ക്കും.
എന്നാലിന്നെനിക്കറിയാം ചിതലരിക്കാത്ത,
കറുത്ത ഓര്‍മയിലെ ചുവന്ന ഹൃദയ-
മെന്നനുരാഗത്തെ പാതി കറുപ്പിലും
പാതി ചുവപ്പിലും മുക്കിയെടുത്തു.

ഇഷ്ടമല്ലെന്നവള്‍ പറഞ്ഞപ്പോ-
ളെന്‍ മനം കറുത്തു
ഇഷ്ടമാണെന്നവള്‍ പറഞ്ഞപ്പോ-
ളെന്‍ മനം ചുവന്നു.
അവസാനം, ചുവന്ന അഗ്നിയില്‍
അവള്‍ ലയിച്ചപ്പോള്‍
ഞാനും അവളും കറുത്തു
അപ്പോഴും ഹൃദയങ്ങള്‍ ചുവന്നിരുന്നു....
No comments:
Post a Comment